തിരുവനന്തപുരം: പുനഃസംഘടിപ്പിച്ച കെപിസിസി ഭാരവാഹികൾക്ക് ചുമതലകൾ വീതിച്ചു നൽകി. മൂന്നു വർക്കിംഗ് പ്രസിഡന്റുമാർക്ക് മൂന്നു മേഖലകളുടെ ചുമതല നൽകി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നെയ്യാറ്റിൻകര സനലിനെ നിയമിച്ചു. ദക്ഷിണമേഖലയുടെ ചുമതല പി.സി. വിഷ്ണുനാഥ് എംഎൽഎയ്ക്കു നൽകി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളുടെ ചുമതലയാണ് വിഷ്ണുനാഥിന്. മധ്യമേഖലയുടെ ചുമതല എ.പി. അനിൽകുമാർ എംഎൽഎയ്ക്കാണ്. ഇടുക്കി, എറണാകുളം. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളാണ് മധ്യമേഖലയിൽ പെടുക.
ഷാഫി പറന്പിൽ എംപിക്കാണ് ഉത്തരമേഖലയുടെ ചുമതല. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളാണ് ഷാഫിയുടെ കീഴിൽ വരിക. കെപിസിസി ഓഫീസിന്റെ ചുമതല എം.എ. വാഹിദിനു നൽകി.
ജില്ലകളുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികൾ: ഡി. സുഗതൻ- തിരുവനന്തപുരം, എം. വിൻസന്റ് എംഎൽഎ- കൊല്ലം, മാത്യു കുഴൽനാടൻ എംഎൽഎ- പത്തനംതിട്ട, റോയ് കെ.പൗലോസ്- ആലപ്പുഴ, ശരത്ചന്ദ്രപ്രസാദ്- കോട്ടയം, എ.എ. ഷുക്കൂർ- ഇടുക്കി, പാലോട് രവി- എറണാകുളം, ജെയ്സണ് ജോസഫ്- തൃശൂർ, വി.ടി. ബലറാം- മലപ്പുറം, വി.പി. സജീന്ദ്രൻ- പാലക്കാട്, ഹൈബി ഈഡൻ- കോഴിക്കോട്, വി.എ. നാരായണൻ- വയനാട്, രമ്യാ ഹരിദാസ്-കണ്ണൂർ, എം.ലിജു- കാസർഗോഡ്.
തദ്ദേശ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ചുമതലകൾ നൽകിയത്. 140 നിയോജക മണ്ഡലങ്ങളുടെ പ്രത്യേക ചുമതലയും ജനറൽ സെക്രട്ടറിമാർക്കും മറ്റു നേതാക്കൾക്കുമായി വീതിച്ചു നൽകിയിട്ടുണ്ട്.